അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമം; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
Wednesday, July 30, 2025 1:55 PM IST
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്ന് കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന വ്യക്തമാക്കി.
സതീഷിന്റെ ശാരീരിക - മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ പ്രത്യേക എട്ടംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.
ഇതിനിടെ, നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തുകയാണ്. മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്തുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.