മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Wednesday, July 30, 2025 4:14 PM IST
കൊച്ചി: മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചത്.
ഇന്നു രാവിലെ 5.30 ഓടെ മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് സംഭവം. ഈ സമയം ജിമ്മിൽ ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ ആറ് മണിയോടെയാണ് രാജ് ജിമ്മിൽ എത്താറുള്ളത്.
എന്നാൽ ഇന്നു രാവിലെ അഞ്ചോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് രാജ് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് ജിമ്മിലെത്തിയവരാണ് രാജിനെ അബോധാവസ്ഥയിൽ കാണുന്നത്.
20 മിനിറ്റോളം തറയിൽ കിടന്ന രാജിനെ 5.45 ഓടെയാണ് സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.