കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍
Wednesday, July 30, 2025 6:36 PM IST
റായ്പുർ: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നൽകരുതെന്ന ബജ്റംഗ്ദള്‍ വാദത്തെ പ്രോസിക്യൂഷൻ അനുകൂലിച്ചു.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ തയ്യാറാകാതെ ബിലാസ്പുര്‍ എൻഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷൻസ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ്. ഈ ഉത്തരവിലാണ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കോടതിയിൽ ബജ്റംഗ്ദൾ അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷൻ അനുകൂലിച്ചു. കേസ് സെഷൻസ് കോടതി അല്ല പരിഗണിക്കേണ്ടത് എന്നാണ് ഇരുവരും നിലപാട് അറിയിച്ചത്.
ജാമ്യം നൽകരുതെന്ന് പോലീസും വാദിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ ഇനിയും മത പരിവർത്തനങ്ങൾ ആവർത്തിക്കുമെന്നും നാട്ടിൽ കലാപം ഉണ്ടാകുമെന്നും ബജ്റംഗ്ദൾ അഭിഭാഷകനും വാദിച്ചു. കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.