യുപിയിൽ മകളുടെ മുന്നിൽവച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്
Thursday, July 31, 2025 5:17 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഏഴു വയസുകാരിയായ മകളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് യുവാവ്. സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം.
വിവാഹമോചനത്തിനായുള്ള കോടതി വാദം കേൾക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ബെൽവ ഗ്രാമവാസിയായ സന്തോഷ് യാദവ്(39), ഭാര്യ ലക്ഷ്മി(35)യെ മുഖത്തും വയറിലും പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലക്ഷ്മി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ മെഹ്ദാവാളിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രണ്ട് മണിക്കൂറിനുശേഷം ലക്ഷ്മി മരിച്ചു.
ദുധാരയിലെ ധവാരിയ ഗ്രാമവാസിയായ ലക്ഷ്മി, ഗാർഹിക പീഡനം ആരോപിച്ച് ആറ് വർഷം മുമ്പ് സന്തോഷുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. പിന്നീട് മകളോടൊപ്പം മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവർ.
ആക്രമണത്തിന് ശേഷം സന്തോഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.