പാക് എണ്ണപ്പാടങ്ങൾ വികസിപ്പിക്കാൻ കരാർ ഒപ്പിട്ട് യുഎസ്; ഇന്ത്യയ്ക്കും എണ്ണ വിൽക്കുമെന്ന് ട്രംപ്
Thursday, July 31, 2025 6:37 AM IST
വാഷിംഗ്ടൺ ഡിസി: എണ്ണപ്പാടങ്ങളുടെ വികസനത്തിന് പാക്കിസ്ഥാനുമായി കരാർ ഒപ്പിട്ട് അമേരിക്ക. ഏത് കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഒരു ദിവസം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുമെന്നും യുഎസ് പ്രസിഡന്റ് സമൂഹ മാധ്യമമായ ട്രൂത്തിൽ കുറിച്ചു.
"പാക്കിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കും. ഇതിനായി വ്യാപാരക്കരാറിൽ ഒപ്പിട്ടു. പാക് എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലാണിപ്പോൾ. ഒരുപക്ഷേ ഒരു ദിവസം ഇന്ത്യയ്ക്ക് പാകിസ്താൻ എണ്ണ വിറ്റേക്കും'- ട്രംപ് കുറിച്ചു.
അമേരിക്കയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും തീരുവ കുറയ്ക്കാൻ അവർ യുഎസിന് മുൻപിൽ പല വാഗ്ദാനങ്ങളും വയ്ക്കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വൻതോതിൽ കുറയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യൻ ഇറക്കുമതിക്ക് 25 ശതമാനം തിരുവയും അധിക പിഴ്ചയും ചുമത്തി മണിക്കൂറുകൾക്ക് പിന്നാലെയാണ് പാക്കിസ്ഥാനുമായി യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചത്.