വിഴിഞ്ഞത്ത് ഓട്ടോ ഡ്രൈവറെ കുത്തിയ സംഭവം; ഒന്നാം പ്രതി അറസ്റ്റിൽ
Tuesday, August 19, 2025 9:20 PM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിലെ ഹെഡ് ലൈറ്റ് കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഓട്ടോ ഡ്രൈവറെ കുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ.വിഴിഞ്ഞം സ്വദേശി ജഗൻ എന്ന് വിളിക്കുന്ന അഹിരാജ് (28) ആണ് അറസ്റ്റിലായത്.
വിഴിഞ്ഞം പോലീസാണ് അഹിരാജിനെ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി കോട്ടപ്പുറം തുലവിള പള്ളിക്കിണറിനു താഴെ മൂവ്മെന്റ് വിജയനെന്ന വിജയനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
വിഴിഞ്ഞം കരയടിവിള ഭാഗത്ത് ഓഗസ്റ്റ് 12 ന് രാത്രിയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ ദിലീപിനാണ് കുത്തേറ്റത്. അതുവഴി വന്ന ഓട്ടോ ഡ്രൈവർ ദിലീപിനെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ണിലടിച്ചെന്ന് പറഞ്ഞാണ് അക്രമികൾ കുത്തിയത്.
പ്രതികൾ സ്ഥലത്തിരുന്ന് ലഹരി ഉപയോഗിക്കുന്നത് ദിലീപ് കണ്ടിരുന്നു. ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതും ഇവിടിരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിച്ചത് വിലക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. വിജയനെ പിറ്റേന്ന് പിടികൂടിയ പോലീസ് അഹി രാജിനായി അന്വേഷണം നടത്തുകയായിരുന്നു. കുത്തേറ്റ ദിലീപ് ചികിത്സയിലാണ്.