വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേര്‍ക്കൽ; കാരണം കാണിക്കല്‍ നോട്ടീസ് നൽകി
Wednesday, August 20, 2025 8:38 AM IST
മലപ്പുറം: വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേര്‍ത്തെന്ന പരാതിയിൽ മലപ്പുറം നഗരസഭ എൻജിനിയറിംഗ് സൂപ്രണ്ട് ഷിബു അഹമ്മദിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകി. അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
ആരുടേയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ല. ഈ പഴുത് ഉപയോഗിച്ച് ചിലര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പിൽ ജനനത്തീയതി തിരുത്തി ഹാജരാക്കി. 2007 ജനുവരി ഒന്നിന്ശേഷം ജനിച്ചവരും പേര് ചേര്‍ക്കാൻ അപേക്ഷ നല്‍കിയെന്നും പരാതിയിൽ പറയുന്നു.
ഇതു സംബന്ധിച്ച് എൻജിനിയറിംഗ് സൂപ്രണ്ട് 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് നഗരസഭാ സെക്രട്ടറി നൽകിയ നോട്ടീസിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം എസ്പിക്കും ജില്ലാ കളക്ടര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മുസ്ലീം ലീഗ് പരാതി നല്കി.