മനുഷ്യ - വന്യജീവി സംഘർഷം: നിയമനിർമാണം ഉടനെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
Sunday, August 31, 2025 9:14 PM IST
കോഴിക്കോട് : മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട നിയമനിർമാണം ഉടനെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നിയമ നിർമാണത്തിന്റെ കരട് ബിൽ തയാറായതാണ്. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമ പരിമിതിയിൽ നിന്ന് കൊണ്ടാണ് കേരളം പുതിയ നിയമ നിർമാണം കൊണ്ടുവരുന്നത്.
കരട് ബിൽ മന്ത്രിസഭ അംഗീകരിച്ച ശേഷം സർക്കാരിന്റെ അധികാരങ്ങൾ ഉപയാഗിച്ച് ഈ മേഖലയിൽ ഇടപെടാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര വനം മന്ത്രാലയമായും ക്യാബിനറ്റ് മന്ത്രിയുമായും ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ അതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണം നടത്താൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.