യുവതിയെയും മക്കളെയും കാണാതായ സംഭവം; ഭര്‍ത്താവ് മരിച്ച നിലയിൽ
Sunday, August 31, 2025 9:36 PM IST
പത്തനംതിട്ട: നിരണത്തുനിന്ന് യുവതിയെയും മക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇവരുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. നിരണം സ്വദേശിനി റീനയുടെ ഭര്‍ത്താവ് കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യുവിനെയാണ് (41) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞാലിക്കണ്ടത്തെ കുടുംബവീട്ടില്‍ ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റീനയെയും രണ്ടുമക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷിന്റെ മരണം.
ഓഗസ്റ്റ് 17 മുതലാണ് റീനയെയും മക്കളായ അക്ഷര, അല്‍ക്ക എന്നിവരെയും കാണാതായത്. റീനയുടെ കുടുംബത്തിന്റെ പരാതിയിൽ ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ഇതിനിടെ റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും മൂവരെയും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അനീഷിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.