അപായച്ചങ്ങല വലിച്ചു, ട്രെയിൻ നിന്നത് പുഴയ്ക്കു മുകളിലെ പാലത്തിൽ, രക്ഷകനായി ടിക്കറ്റ് പരിശോധകൻ
Monday, September 8, 2025 5:46 AM IST
പാലക്കാട്: കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽനിന്ന ട്രെയിൻ യാത്രക്കാർക്ക് രക്ഷകനായി ടിക്കറ്റ് പരിശോധകൻ. കഴിഞ്ഞദിവസം പുലർച്ചെ 3.45ന് തിരുവനന്തപുരം നോർത്ത്-മംഗളൂരു ഓണം സ്പെഷൽ (06042) ട്രെയിനാണ് യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെ തുടർന്നു പുഴയ്ക്കു നടുവിൽ പാലത്തിനു മുകളിൽ നിന്നത്. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം.പി. രമേഷിന്റെ ഇടപെടലിനെത്തുടർന്ന് ട്രെയിൻ യാത്ര തുടർന്നു.
നിന്നുപോയ ട്രെയിൻ വീണ്ടും ഓടാൻ പ്രഷർ വാൽവ് പൂർവസ്ഥിതിയിലാക്കേണ്ടതിനാൽ കോച്ചുകൾക്കിടയിലെ വെസ്റ്റിബൂൾ വഴി കോച്ചിനടിയിൽ ഇറങ്ങിയാണ് രമേഷ് പ്രഷർ വാൽവ് ശരിയാക്കിയത്. പിന്നീലെ ടോർച്ചുമായി എത്തിയ ലോക്കോ പൈലറ്റും ഗാർഡും നിർദേശങ്ങൾ നൽകുകയും ചെയ്തു.
എസ്- വൺ കോച്ചിൽനിന്ന് കണ്ണൂരിൽ ഇറങ്ങാൻ വിട്ടുപോയ യാത്രക്കാരനാണ് ചങ്ങല വലിച്ചത്. ട്രെയിൻ അപ്പോഴേക്കും വളപട്ടണം എത്തിയിരുന്നു. പാലത്തിനു മുകളിൽ കൂടുതൽ നേരം ട്രെയിൻ നിൽക്കുന്നത് പാലത്തിന് അമിതഭാരമായി അപകടത്തിനിടയാക്കും. ഈ സാഹചര്യമാണ് അദ്ദേഹം ശ്രമകരമായി ഒഴിവാക്കിയത്. ചങ്ങല വലിച്ച യുവാവിനെതിരെ നടപടിക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.