കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Monday, September 8, 2025 10:49 AM IST
കണ്ണൂർ: കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. സ്ഫോടനം നടന്ന സ്ഥലത്ത് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നല്കിയിരിക്കുന്നത്.
കണ്ണപുരം കീഴറയിലെ വീട്ടിൽ ഓഗസ്റ്റ് 30ന് പുലർച്ചെ രണ്ടോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു. അനൂപ് മാലിക്കിന്റെ ബന്ധുവാണ് ഇയാൾ.
ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പോലീസ് അനൂപിനെ പിടികൂടിയത്. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപിനെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ.