വനിത എസ്ഐമാർക്ക് മോശം സന്ദേശം; എഐജി വിനോദ്കുമാറിന്റെ മൊഴിയെടുത്തു
Tuesday, September 9, 2025 7:35 AM IST
തിരുവനന്തപുരം: വനിത പോലീസ് ഉദ്യോഗസ്ഥർക്ക് മോശം സന്ദേശങ്ങളയച്ചെന്ന പരാതിയിൽ ക്രമസമാധാനവിഭാഗം എഐജി വി.ജി. വിനോദ്കുമാറിന്റെ മൊഴി രേഖപ്പെടുത്തി.
പോലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതിപരിഹാര സമിതിയിലെ എഐജി മെറിൻ ജോസഫാണ് മൊഴിയെടുത്തത്. ആരോപണങ്ങൾ നിഷേധിച്ച വിനോദ്കുമാർ, എസ്പി എന്ന നിലയിൽ ജോലിയുടെ ഭാഗമായി മാത്രമാണ് സന്ദേശങ്ങൾ അയച്ചതെന്ന് മൊഴി നൽകി. പരാതിക്ക് പിന്നിൽ പോലീസ് തലപ്പത്തുള്ളവരിൽ ചിലരുടെ ഗൂഡാലോചനയുണ്ടെന്ന് ആവർത്തിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ പരാതിക്കാരായ വനിത എസ്ഐമാരുടെ മൊഴി പത്തനംതിട്ടയിലെത്തി മെറിൻ ജോസഫ് രേഖപ്പെടുത്തും. പത്തനംതിട്ട എസ്പിയായിരിക്കെ വിനോദ് കുമാർ തൊഴിൽ സ്ഥലത്ത് മാനസികമായി പീഡിപ്പിച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചെന്നും കാട്ടി പത്തനംതിട്ടയിലെ രണ്ട് വനിത എസ്ഐമാരാണ് കഴിഞ്ഞ മാസം റേഞ്ച് ഡിഐജി അജിത ബീഗത്തിന് പരാതി നൽകിയത്.
രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി വനിത എസ്ഐമാരുടെ മൊഴിയെടുത്ത അജിതാബീഗം, ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള ‘പോഷ്’ നിയമപ്രകാരം അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
തുടർന്നാണ് ഡിജിപി റവഡ ചന്ദ്രശേഖർ പോലീസ് ആസ്ഥാനത്തെ വുമൺ കംപ്ലയിന്റ് സെൽ അധ്യക്ഷയായ എസ്പി മെറിൻ ജോസഫിന് അന്വേഷണ ചുമതല കൈമാറിയത്.