പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി; ജില്ലാ കളക്ടറോട് ഹാജരാകാൻ നിർദേശം
Tuesday, September 9, 2025 12:31 PM IST
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനമെടുക്കാൻ നിര്‍ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍വീസ് റോഡുകളുടേതടക്കം അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ ദേശീയ പാത അതോറിറ്റി ഇന്ന് അറിയിച്ചു. നേരത്തെ കുരുക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പ്രശ്നമില്ലെന്നും ഗതാഗതം സുഗമമായി നടക്കുന്നുവെന്നും സർവീസ് റോഡുകളും ഗതാഗത യോഗ്യമാണെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. എന്നാൽ പോലീസ് റിപ്പോർട്ട് അത്തരത്തില്‍ അല്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.
ടോള്‍ പിരിവ് പുനഃസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.
ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. കേന്ദ്ര സർക്കാരിനോടും നിലപാട് വ്യക്തമാക്കാൻ ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് തടഞ്ഞത്. ഈ സമയ പരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി വീണ്ടും പരിഗണിച്ചത്.