സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
Thursday, September 18, 2025 7:41 PM IST
കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ നാല് വർഷത്തിന് ശേഷം പിടിയിലായി. പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പോലീസ് ആലപ്പുഴ ചേർത്തലയിൽ നിന്ന് പിടികൂടിയത്.
സിപിഎം പ്രവർത്തകനായ പയ്യോളി ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. സുബീഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം കഴിഞ്ഞ നാല് വർഷമായി ഷിജേഷ് ഒളിവിലായിരുന്നു.
2021 ഫെബ്രുവരി 18ന് ആയിരുന്നു സുബീഷിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഷിജേഷ് നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.