സിദ്ധാർഥന്റെ മരണം: ഡീൻ എം.കെ.നാരായണന് തരം താഴ്ത്തലും സ്ഥലംമാറ്റവും
Saturday, September 20, 2025 9:24 PM IST
കൽപ്പറ്റ: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഡീൻ ഡോ.എം.കെ.നാരായണന് താഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം. ഡീൻ പദവിയിൽ നിന്ന് ഡോ.എം.കെ.നാരായണനെ തരംതാഴ്ത്തി പ്രൊഫസറായി സ്ഥലം മാറ്റി നിയമിക്കാനാണ് തീരുമാനം.
അസിസ്റ്റന്റ് വാർഡൻ കാന്തനാഥനെയും സ്ഥലം മാറ്റി. ഇദ്ദേഹത്തിന്റെ രണ്ടു വർഷത്തെ പ്രമോഷനും തടയും. ബോർഡ് ഓഫ് മാനേജ്മെന്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇരുവരുടെയും വാദം കേട്ട ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.
എം.കെ.നാരായണനെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കും കാന്തനാഥനെ തിരുവാഴാംകുന്ന് പൗൾട്രി കോളജിലേക്കുമാണ് സ്ഥലം മാറ്റുന്നത്. നാരായണനെ തരം താഴ്ത്താനും മൂന്നുവർഷത്തേക്ക് ഭരണപരമായ ചുമതലകൾ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.