ആഗോള അയ്യപ്പ സംഗമം പരാജയം; ഭക്തർക്ക് അഭിനന്ദനങ്ങൾ: രാജീവ് ചന്ദ്രശേഖർ
Saturday, September 20, 2025 11:31 PM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമം ഭക്തർ ബഹിഷ്കരിച്ചു. പിണറായിയുടെ കാപട്യം തിരിച്ചറിഞ്ഞ ഭക്തർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഒരു എളിയ അയ്യപ്പ ഭക്തനെന്ന നിലയിൽ കഴിഞ്ഞ 18 വർഷമായി ശബരിമല ചവിട്ടാനും സന്നിധാനത്തെത്തി പ്രാർഥന നടത്താനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഗമത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല. അതിനാൽ ഞാൻ പങ്കെടുത്തതുമില്ല.
22-ാം തീയതി നടക്കുന്ന ശബരിമല കർമ്മ സമിതി സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിൽ പങ്കെടുക്കും. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ വിശ്വാസത്തിന്റെ പേരിൽ പ്രീണനത്തിനോ ഭിന്നിപ്പിനോ ശ്രമിക്കുന്നവരെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.