ജിഎസ്ടി ആനുകൂല്യം; ‘റെയിൽ നീരി'ന്റെ വില കുറച്ചു, പുതിയ വില 22 മുതൽ
Sunday, September 21, 2025 12:41 AM IST
ന്യൂഡൽഹി: ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുപ്പിവെള്ളമായ ‘റെയിൽ നീരി'ന്റെ വില റെയിൽവേ മന്ത്രാലയം കുറച്ചു.
സെപ്റ്റംബർ 22 മുതൽ പുതിയ വില നിലവിൽ വരും. ഇതനുസരിച്ച് ഒരു ലിറ്റർ റെയിൽ നീർ കുപ്പിവെള്ളത്തിന് 15 രൂപയിൽ നിന്ന് 14 രൂപയായും അര ലിറ്റർ കുപ്പിവെള്ളത്തിന് 10 രൂപയിൽനിന്ന് 9 രൂപയായും കുറയും. റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറിലൂടെയും എക്സ് പോസ്റ്റിലൂടെയുമാണ് തീരുമാനം അറിയിച്ചത്.
ഈ മാറ്റം റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലും വിൽക്കുന്ന മറ്റ് ബ്രാൻഡുകളിലെ കുപ്പിവെള്ളത്തിനും ബാധകമാണ്. ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി 12 ശതമാനം , 28 ശതമാനം നിരക്കുകൾ അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലയിപ്പിച്ചിരുന്നു.