എച്ച്1 ബി വിസ; നിലവിലുള്ള ഉടമകൾക്ക് ഫീസ് വർധന ബാധകമല്ലെന്ന് റിപ്പോർട്ട്
Sunday, September 21, 2025 1:18 AM IST
ന്യൂഡൽഹി: നിലവിലുള്ള എച്ച്1 ബി വിസ ഉടമകൾക്ക് ഫീസ് വർധന ബാധകമല്ലെന്ന് യുഎസ് അഡ്മിനിസ്ട്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി റിപ്പോർട്ട്. എച്ച്1 ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നാണ് റിപ്പോർട്ട്.
ഇന്ന് ഇന്ത്യൻ സമയം രാവിലെ 9.30 യ്ക്ക് മുമ്പ് തിരിച്ചെത്താൻ എച്ച്1 ബി വീസയുള്ള ഇന്ത്യയ്ക്ക് പുറത്തുള്ള ജീവനക്കാരോട് പല കമ്പനികളും നിർദേശിച്ചിരുന്നു. ഇതിന്റെ ആവശ്യം ഇല്ലെന്നു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. നൂറു കണക്കിനാളുകൾ മടങ്ങുന്നത് വിമാന നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മടങ്ങുന്നവർക്ക് സഹായം ഉറപ്പാക്കാൻ സർക്കാർ നയതന്ത്രകാര്യാലയങ്ങൾക്ക് നിർദേശം നൽകി. എച്ച്1 ബി വീസ ഫീസ് ഒരു ലക്ഷമായി ഉയർത്തിയത് നിരവധി കുടുംബങ്ങളെ ബാധിക്കുമെന്നും ഇത് മാനുഷിക പ്രശ്നമായികൂടി കാണണമെന്നും ഇന്നലെ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞിരുന്നു.