സ്കൂട്ടറിൽ കാറിടിച്ച് ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്
Sunday, September 21, 2025 1:50 AM IST
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പിലെ രണ്ടു വനിതാ ഉദ്യോഗസ്ഥർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരം വെട്ടൂർ കാട്ടുവിള സ്വദേശി അൻസീന, ചെറുന്നിയൂർ സ്വദേശി ഷൈലജാ ബീഗം എന്നിവർക്കാണ് പരിക്കേറ്റത്.
വർക്കല രഘുനാഥപുരം റോഡിൽ വൈകുന്നേരമാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ വർക്കലയിൽനിന്നും രഘുനാഥപുരത്തേക്ക് വന്ന കാർ ഇടിച്ചുതെറിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെട്ടൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഇരുവരും. കാർ അമിത വേഗത്തിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പ്രദേശവാസികൾ പറയുന്നു.