മുൻ താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റായേക്കും
Sunday, September 21, 2025 2:19 AM IST
ന്യൂഡൽഹി: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ്. അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ മിഥുൻ മൻഹാസിന്റെ പേരിൽ നാമനിർദേശ പത്രിക നൽകാൻ തീരുമാനമായി.
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. എന്നാൽ ഐപിഎല്ലിൽ വിവിധ ടീമുകൾക്കായും രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അതേസമയം മുൻ ഇന്ത്യൻ പേസർ ആർ.പി. സിംഗ് ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി അംഗമാകുമെന്നും വിവരമുണ്ട്.
കോൺഗ്രസ് എംപി രാജീവ് ശുക്ല ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും വിവരമുണ്ട്. ഇപ്പോഴത്തെ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും ഇതേ സ്ഥാനത്ത് തുടരാനാണ് സാധ്യത. രഘുറാം ഭട്ട് ട്രഷററായും അരുൺ ധുമാൽ ഐപിഎൽ ചെയർമാനായും തുടരും.