വാക്കുതർക്കം; യുവാവിനെ നാലുപേർ ചേർന്ന് കുത്തിക്കൊന്നു
Sunday, September 21, 2025 2:42 AM IST
ന്യൂഡൽഹി: വാക്കുതർക്കത്തെ തുടർന്ന് വടക്കൻ ഡൽഹിയിലെ സ്വരൂപ് നഗറിൽ 26കാരനെ കുത്തിക്കൊലപ്പെടുത്തി. ഖദ്ദ കോളനി നിവാസിയായ ദേവേന്ദറിനെ നാലുപേർ ചേർന്നാണ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. പ്രതികളായ രോഹിത്, അവിനാശ്, പവൻ, വികാസ് എന്നിവരുമായി വെള്ളിയാഴ്ച രാത്രി ലോവർ ജിടികെ റോഡിന് സമീപം കൊല്ലപ്പെട്ട ദേവേന്ദർ സംസാരിച്ചു നിന്നിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ പ്രതികളിലൊരാൾ ദേവേന്ദറിനെ കത്തികൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു.
നിസാര കാര്യത്തിനാണ് വഴക്കുണ്ടായതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. കുത്തേറ്റ ദേവേന്ദറിനെ സമീപവാസികൾ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. വികാസിനായി തെരച്ചിൽ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.