ലക്ഷദ്വീപ് ചൂരയ്ക്ക് ആഗോള ഇക്കോ-ലേബലിംഗ് നേടിയെടുക്കാൻ കേന്ദ്ര നീക്കം
Sunday, September 21, 2025 4:17 AM IST
കൊച്ചി: പരമ്പരാഗത മത്സ്യബന്ധന രീതികൾ ഉപയോഗിച്ച് പിടിക്കുന്ന ലക്ഷദ്വീപ് ചൂരയ്ക്ക് (ട്യൂണ) ആഗോള ഇക്കോ-ലേബലിംഗ് ടാഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നടപടി സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി.
ലക്ഷദ്വീപിലെ പോൾ-ആൻഡ്-ലൈൻ ഉപയോഗിച്ച് പിടിക്കുന്ന ചൂരയ്ക്ക് അന്താരാഷ്ട്ര രംഗത്തെ അംഗീകൃത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു. ലക്ഷദ്വീപ് മത്സ്യമേഖലയുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ നടത്തിയ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡും ഫിഷറി സർവേ ഓഫ് ഇന്ത്യയും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്.
സമുദ്രോത്പന്നങ്ങൾ സുസ്ഥിര രീതികകളിലൂടെ ലഭിച്ചതാണെന്ന് ഉറപ്പാക്കുന്നതാണ് ഇക്കോ-ലേബലിംഗ് മുദ്രകൾ. അന്താരാഷ്ട്ര വിപണികളിൽ സുസ്ഥിരത ടാഗുള്ള സീഫുഡ് ഉത്പന്നങ്ങൾക്ക് സ്വീകാര്യതയും ഉയർന്ന വിലയും ലഭിക്കും. ആഴക്കടൽ മത്സ്യബന്ധനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു.