പിടിച്ചെടുത്ത കുഴൽപ്പണം പൂഴ്ത്തി; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Sunday, September 21, 2025 4:52 AM IST
കൽപ്പറ്റ: വയനാട്ടിൽ പിടിച്ചെടുത്ത കുഴൽപ്പണം റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വൈത്തിരി സ്റ്റേഷനിലെ നാലു പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സ്റ്റേഷൻ എസ്എച്ച്ഒയ്ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് നടപടി.
എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തത്. ഈ മാസം 15നാണ് പോലീസുകാർ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.
മലപ്പുറം സ്വദേശികൾക്ക് കൈമാറാനായി ചുണ്ടേൽ സ്വദേശി കൊണ്ടുവന്ന 3.3 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയോ പണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായില്ല. തുടർന്ന് ചുണ്ടേൽ സ്വദേശിയായ യുവാവ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെടുകയായിരുന്നു.