വോട്ടർമാരെ ഒഴിവാക്കിയെന്ന് രാഹുൽ ഗാന്ധി; കർണാടകയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
Sunday, September 21, 2025 5:15 AM IST
ബംഗളൂരു: അലന്ദ് മണ്ഡലത്തിൽ വോട്ടർ പട്ടികയിൽനിന്ന് വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്ന ആരോപണം ഉയർന്നതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കർണാടക സർക്കാർ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നും വോട്ടുകൊള്ള നടത്തുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സഹായിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
256 പോളിംഗ് സ്റ്റേഷനുകളിലായി 6,670 വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തതായി ആരോപിച്ച അലന്ദ് എംഎൽഎ ബി.ആർ. പാട്ടീൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 6018 വോട്ടർമാരെ നീക്കം ചെയ്യുന്നതിനായി അപേക്ഷകൾ സമർപ്പിച്ചിരുന്നതായും അതിൽ 24 എണ്ണം മാത്രമേ സാധുതയുള്ളതും നിയമപരമായി നടപടി സ്വീകരിച്ചിട്ടുള്ളതെന്നും സർക്കാർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.
ബാക്കിയുള്ള 5,994 അപേക്ഷകൾ വോട്ടർമാരുടെ അറിവില്ലാതെ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സമർപ്പിച്ചതാണെന്നും ആരോപണം ഉയർന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും ചുമതല പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്.