പുതിയ ജിഎസ്ടി പരിഷ്കരണം തിങ്കളാഴ്ച മുതല്‍; ഉത്പന്നങ്ങൾക്ക് വില കുറയും
Sunday, September 21, 2025 5:43 AM IST
കോട്ടയം: ചരക്ക്-സേവന നികുതി (ജിഎസ്ടി) ഭേദഗതിയിലെ പുതിയ പരിഷ്കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ വരുന്നതോടെ പായ്ക്കു ചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ വാങ്ങുന്ന പല ഉത്പന്നങ്ങൾക്കും വില കുറച്ച് നല്കിയാല് മതിയാകും.
തിങ്കളാഴ്ച മുതല്‍ വിലയിലുള്ള കുറവ് ഒരോ ഉത്പന്നത്തിലും പ്രദര്‍ശിപ്പിക്കും. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയിലെ മാറ്റവും മിക്ക കമ്പനികളും പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തേ വില്‍പ്പനയ്ക്കെത്തിയ ഉത്പന്നങ്ങളില്‍ പരിഷ്കരിച്ച വില സ്റ്റിക്കറായോ സീലായോ പതിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് മുന്‍നിര്‍ത്തി ഇതില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും വിലയില്‍ വലിയ അന്തരമുണ്ടാകും. ഉയര്‍ന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതുവഴി ലഭിക്കുക. ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാര്‍ നിര്‍മാണ കമ്പനികള്‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ തയാറായി കഴിഞ്ഞു. പല കന്പനികളും പുതുക്കിയ വിലകളും പ്രഖ്യാപിച്ചു.
നികുതി നിരക്കുകള്‍ക്കനുസരിച്ച് വ്യാപാരികള്‍ ബില്ലിംഗ് സോഫ്റ്റ്വെയറില് മാറ്റം വരുത്തണം.