കാറിടിച്ച് നാലുവയസുകാരൻ മരിച്ചു; ഡോക്ടർ അറസ്റ്റിൽ
Sunday, September 21, 2025 6:52 AM IST
ഗുരുഗ്രാം: കാറിടിച്ച് നാലു വയസുള്ള കുട്ടി മരിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ഗുരുഗ്രാമിലെ സൂറത്ത് നഗർ ഫേസ് രണ്ടിലാണ് സംഭവം.
സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ഹിതേഷ് ശർമ എന്നയാളെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഇയാളുടെ കാർ പോലീസ് പിടിച്ചെടുത്തു.
കുട്ടി വീടിനടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നതെന്നും ശർമ ഓടിച്ചിരുന്ന കാർ കുട്ടിയെ ഇടിച്ചിട്ടെന്നും പരാതിയിൽ പറയുന്നു.
കുട്ടിയെ ഇടിച്ചിട്ട ശേഷം ഇയാൾ കാർ നിർത്തി പുറത്തിറങ്ങി നോക്കി. പക്ഷേ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടപ്പോൾ ഇയാൾ കാറിൽ കയറി രക്ഷപ്പെട്ടുവെന്ന് കുട്ടിയുടെ പിതാവ് ജിതേന്ദർ പരാതിയിൽ പറഞ്ഞു.
നാട്ടുകാരുടെ സഹായത്തോടെ മകനെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. തുടർന്നാണ് ഡോക്ടറെ പോലീസ് പിടികൂടിയത്.