പാലക്കാട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടി
Sunday, September 21, 2025 9:30 AM IST
പാലക്കാട്: മലമ്പുഴ ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിനോട് ചേർന്നുള്ള തോടിനരികിൽ കണ്ട പുലിക്കുട്ടിയെ കൂട്ടിലാക്കി. പരിക്കേറ്റ നിലയിലായിരുന്നു പുലിക്കുട്ടി. ചേമ്പനയിൽ തങ്കച്ചന്റെ പറമ്പിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്.
കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇതിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി ധോണിയിലേക്ക് മാറ്റി. വളർത്തു നായ കുരയ്ക്കുന്നതു കേട്ട് പുറത്തുവന്നു നോക്കിയപ്പോഴാണ് തങ്കച്ചൻ പുലിയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയായിരുന്നു.
പിടികൂടിയ പുലിയെ ധോണിയിലെ വനം വകുപ്പിന്റെ ബേസ് ക്യാംപിലേക്കു കൊണ്ടുപോയി. പ്രാഥമിക ചികിത്സ നടത്തിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്കു കൊണ്ടുപോകും.