ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഇന്നും മഴയെത്തും
Sunday, September 21, 2025 11:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. വരുംമണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചുദിവസത്തെ മഴസാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തിങ്കളാഴ്ചയോടെ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു നീങ്ങാൻ സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ മ്യാന്മർ- ബംഗ്ലാദേശ് തീരത്തിനുസമീപം മധ്യ കിഴക്കൻ - വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദം എത്തിച്ചേരാൻ സാധ്യതയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നു മുതൽ ബുധനാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.