സിനിമാ ജീവിതത്തിലെ വലിയ അവാർഡ്; മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു: മോഹന്‍ലാല്‍
Sunday, September 21, 2025 12:10 PM IST
കൊച്ചി: തനിക്ക് ലഭിച്ച ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് മലയാളസിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടന് മോഹന്‍ലാല്‍. ഒന്നാമത്തേയോ രണ്ടാമത്തേയോ മലയാളി എന്നുള്ളതല്ല, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ അവാര്‍ഡ് മലയാള സിനിമയ്ക്ക് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താന്‍ കരുതുന്നതെന്നും താരം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിത്. ഒരുപാട് മഹാരഥന്മാര് നടന്നുപോയ വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. മുമ്പ് അവാര്‍ഡ് ലഭിച്ചതെല്ലാം മഹാരഥന്മാര്ക്കാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ നന്ദിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
"ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവൃത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു'- മോഹൻലാൽ പറഞ്ഞു.
48 വര്‍ഷമായി എന്നോടൊപ്പം സഞ്ചരിച്ച പലരും ഇപ്പോഴില്ല. അവരെ ഈ നിമിഷം ഓര്‍ക്കുന്നു. എല്ലാവരും കൂടെ ചേര്‍ന്നാണ് മോഹന്‍ലാല്‍ എന്ന നടനുണ്ടായത്. അവര്‍ക്കെല്ലാം നന്ദി, ഇതില്‍ക്കൂടുതല്‍ എന്താണ് പറയേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.