ഇനി വിലക്കുറവിന്റെ കാലം; തിങ്കളാഴ്ച മുതൽ ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് തുടക്കം: പ്രധാനമന്ത്രി
Sunday, September 21, 2025 5:09 PM IST
ന്യൂഡൽഹി: നവരാത്രി ആഘോഷത്തിന് തുടക്കം കുറിക്കുന്ന ദിവസം തന്നെ രാജ്യത്ത് ജിഎസ്ടി പരിഷ്കരണം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച മുതൽ ജിഎസ്ടി സേവിംഗ് ഉത്സവത്തിന് തുടക്കമാവുകയാണ്.
രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകുന്ന ജിഎസ്ടി പരിഷ്കരണമാണ് നടപ്പിലാകുന്നത്. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. തിങ്കളാഴ്ച മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. ഈ പരിഷ്കാരം ഇന്ത്യയുടെ വികസനം ശക്തിപ്പെടുത്തും.
ഈ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും.ഒരു സ്വപ്പ്നം കൂടി സാക്ഷാത്കരിക്കുകയാണ്.
ഒരു രാജ്യം ഒരു നികുതി എന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും 5% എന്ന നികുതിയിലെത്തും. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ്.
എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തത്. തിങ്കളാഴ്ച മുതൽ 5, 18 ശതമാനം ജിഎസ്ടി സ്ലാബുകൾ മാത്രമേ രാജ്യത്തുണ്ടാകൂ. പലതരം നികുതികളാണ് രാജ്യത്ത് വിലവർധനയ്ക്ക് കാരണമായിരുന്നത്.
ജിഎസ്ടി ഈ പ്രതിസന്ധി പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സർക്കാരിന്റേത്. ദേശത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം.
ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. എല്ലാ വീടുകളിലും കടകളിലും സ്വദേശി ഉത്പന്നങ്ങൾ നിറയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.