പാര്‍ട്ടിയെ ഉപയോഗിച്ച് ചിലർ പണമുണ്ടാക്കുന്നു; സിപിഐ നേതൃത്വത്തിന് വിമര്‍ശനം
Sunday, September 21, 2025 6:04 PM IST
ചണ്ഡീഗഢ്: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. നേതാക്കള്‍ ഒരേ പദവിയില്‍ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നു. പാര്‍ട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തില്‍ മാറ്റമില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.
ചിലര്‍ പാര്‍ട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്നുവെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനാപരമായി പാർട്ടി നിലവിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പഴയതുപോലെ രാജ്യത്താകമാനം ഉയർന്നുവരാൻ പാർട്ടിക്ക് സാധിക്കുന്നില്ല.
പണം മോഹിച്ചും പദവികൾ മോഹിച്ചുമാണ് പലരും സ്ഥാനാർഥികളാകുന്നതെന്നും അത്തരം ആളുകളെ കൃത്യമായി കണ്ടെത്താൻ സാധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയുള്ളവരെ മാറ്റിനിർത്തണമെന്നും റിപ്പോർട്ടിലുണ്ട്.
പാര്‍ട്ടി നേതൃത്വം എടുക്കുന്ന പല തീരുമാനങ്ങളും താഴേതട്ടില്‍ നടപ്പാക്കാനാകുന്നില്ല. ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിയുന്നില്ല.
തിങ്കളാഴ്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. അതിനുശേഷം റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയും നടക്കും.