കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; അന്വേഷണം ആരംഭിച്ചു
Sunday, September 21, 2025 6:20 PM IST
തിരുവനന്തപുരം: കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം പാലോട് - മങ്കയം പമ്പ് ഹൗസിന് സമീപത്തെ തോട്ടത്തിലും ആറ്റിലുമായാണ് 13 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടത്തിയത്.
പിആര്‍ടി സംഘം കുരങ്ങുകളുടെ ജഡം പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. വായില്‍ നിന്ന് നുരയും പതയും വന്ന് അവശ നിലയിലും കുരങ്ങന്മാരെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയാലെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.
പ്രദേശത്ത് കുരങ്ങ്ശല്യം രൂക്ഷമായതുകൊണ്ട് ആരെങ്കിലും വിഷംവെച്ചതാണോ എന്തെങ്കിലും അസുഖം വന്ന് ചത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.