ബഗ്രാം വ്യോമതാവളം തിരികെ നൽകില്ല : ട്രംപിന്റെ ആവശ്യം താലിബാൻ തള്ളി
Sunday, September 21, 2025 7:32 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം യുഎസിനു തിരികെ നൽകണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം താലിബാൻ തള്ളി. വ്യോമതാവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനു മറുപടിയായിട്ടാണ് താലിബാൻ രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടും. ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല. ഞങ്ങൾ ഒരു അക്രമിയെയും ഭയപ്പെടുന്നില്ലെന്നും താലിബാൻ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്നു ബഗ്രാം. 2021ൽ അധികാരം തിരിച്ചുപിടിച്ചതിനുശേഷം താലിബാന്റെ നിയന്ത്രണത്തിലാണ് ഈ വ്യോമതാവളം.