സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
Sunday, September 21, 2025 10:03 PM IST
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് ആശ്വാസവിധി. കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും. വിധിയിൽ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് അബ്ദുൾ റഹീം.
20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൾ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ 20 വർഷം തികയും. 2006 നവംബറിലാണ് സൗദി ബാലനായ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്.
2012 ൽ കോടതി വധശിക്ഷ വിധിച്ചു. തുടർന്ന് 1.5 കോടി റിയാൽ ദിയാധനം നൽകുകയായിരുന്നു. ഇതോടെ വധശിക്ഷ ഒഴിവാകുകയായിരുന്നു.