ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
Tuesday, September 23, 2025 1:05 AM IST
തിരുവനന്തപുരം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സംഘം പിടിയിൽ. പൂവരണി ജോയ്, അടൂർ തുളസീധരൻ എന്നീ കുപ്രസിദ്ധ മോഷ്ടാക്കളാണ് പിടിയിലായത്. സെപ്റ്റംബർ 18ന് ഇരുവരും ചേർന്ന് മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിരുന്നു.
100ൽ അധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിട്ടുള്ള സംഘം കഴിഞ്ഞ മാസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിൽ വച്ച് പ്രതികൾ ഇരുവരും സൗഹൃദത്തിലായിരുന്നു. പുറത്തിറങ്ങിയ ശേഷം തൊടുപുഴ കോടതിയിൽ വച്ച് പ്രതികൾ വീണ്ടും കണ്ടുമുട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് കിളിമാനൂരിൽ വീട് വാടകയ്ക്കെടുത്ത് വെഞ്ഞാറമൂട് പാച്ചുവിളാകം ദേവീ ക്ഷേത്രത്തിലെ കവർച്ചയ്ക്ക് പദ്ധതിയിട്ടത്. സ്വർണപൊട്ടും, താലിയും വളകളുമായിരുന്നു പാച്ചുവിളാകം ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചത്.
ക്ഷേത്രത്തിൽ സിസിടിവിയുണ്ടെന്ന് മനസിലാക്കിയ പ്രതികൾ ഡിവിആർ ആണെന്ന് ധരിച്ച് കൊണ്ടുപോയത് ഇൻവെർട്ടർ ആയിരുന്നു. തുടർന്ന് വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3500 രൂപ കവർന്നു.
പിന്നാലെ വെഞ്ഞാറമൂട് പാറയിൽ ആയിരവല്ലി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും കൊള്ളയടിച്ചു. ഏനാത്ത് അടക്കം മറ്റിടങ്ങളിലും പ്രതികൾ ഈ കാലയളവിൽ കവർച്ച നടത്തിയതായി പോലീസ് പറയുന്നു.