ബാലൺ ഡി ഓർ പുരസ്കാരം ഒസ്മാൻ ഡെംബലെയ്ക്ക്
Tuesday, September 23, 2025 3:35 AM IST
പാരീസ്: ബാലൺ ഡി ഓർ പുരസ്കാരം പിഎസ്ജി താരം ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്സലോണയുടെ യുവ താരം ലാമിന് യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്കാരം നേടിയത്.
പിഎസ്ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതില് നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പിഎസ്ജിക്കായി ഡെംബലെയുടെ ബൂട്ടിൽനിന്നും പിറന്നത്. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

ബാഴ്സലോണയുടെ ഐറ്റാന ബോൺമാറ്റിക്കാണ് മികച്ച വനിതാ താരത്തിനുള്ള ബാലൻ ഡി ഓർ. ഇതോടെ മൂന്ന് തവണ വനിതാ ബാലൺ ഡി ഓർ നേടുന്ന ആദ്യ കളിക്കാരിയായി ഐറ്റാന ബോൺമാറ്റി ചരിത്രം സൃഷ്ടിച്ചു. 2023ലും 2024ലും ബോൺമാറ്റി ബാലൻ ഡി ഓറിൽ മുത്തമിട്ടത്. ഇത്തവണ ആഴ്സണൽ വിംഗർ മരിയോണ കാൽഡെന്റേ പിന്തള്ളിയാണ് ബോൺമാറ്റിയുടെ നേട്ടം.

മികച്ച യുവതാരത്തിനുള്ള കോപ്പാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി. ഇതോടെ ഫുട്ബോൾ ലോകത്തെ യുവതാരങ്ങൾക്കായി ഏർപ്പെടുത്തിയ കോപ്പാ ട്രോഫി തുടർച്ചയായി രണ്ട് തവണ നേടുന്ന ആദ്യ കളിക്കാരനായി ലമിൻ യമാൽ ചരിത്രം കുറിച്ചു. ബാഴ്സലോണയുടെ തന്നെ വിക്കി ലോപ്പസ് ആദ്യത്തെ വനിതാ കോപ്പാ ട്രോഫി നേടി.

പിഎസ്ജിയെ ചരിത്രവിജയത്തിലേക്ക് നയിച്ച ലൂയിസ് എൻറിക്വെ ജോഹാൻ ക്രൈഫ് ട്രോഫി സ്വന്തമാക്കി. ബാലൺ ഡി ഓർ ചടങ്ങിലാണ് യൂറോപ്യൻ ഫുട്ബോളിലെ മികച്ച പരിശീലകനുള്ള പുരസ്കാരം എൻറിക്വെക്ക് ലഭിച്ചത്.
മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങൾ ക്ലബ്ബ് വിട്ടതിനുശേഷം യുവനിരയെ അണിനിരത്തി പുതിയൊരു ടീമിനെ വാർത്തെടുത്ത എൻറിക്വെ, പിഎസ്ജിക്ക് ചരിത്രപരമായ നേട്ടങ്ങളാണ് സമ്മാനിച്ചത്
പിഎസ്ജിയാണ് ഈ വർഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്സണൽ ആണ് മികച്ച വനിതാ ക്ലബ്.