ഡോ.ബി. അശോകിന്റെ ഹര്‍ജിയിൽ വേഗം തീരുമാനമെടുക്കണം: സിഎടിയോടു ഹൈക്കോടതി
Tuesday, September 23, 2025 5:18 AM IST
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥന് ഡോ.ബി. അശോക് നല്കിയ ഹര്‍ജിയില്‍ ഗവര്‍ണറെ കക്ഷി ചേര്ത്തതിലടക്കം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി ) വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
അശോകിന്റെ സ്ഥലം മാറ്റം തടഞ്ഞ സിഎടി ഉത്തരവിട്ടതിനെതിരേ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണു വിഷയം തുടര്‍ച്ചയായി പരിഗണിച്ച് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
ഒരേ കാര്യത്തില്‍ സമാന്തര നിയമനടപടി അഭികാമ്യമല്ലെന്നു വിലയിരുത്തിയ ഡിവിഷന് ബെഞ്ച് ട്രൈബ്യൂണലിന്റെ അന്തിമ തീരുമാനം എന്താണെന്ന് അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ട്രൈബ്യൂണല്‍ വിഷയം പരിഗണിച്ചു.
ഗവര്‍ണറെ കക്ഷി ചേര്ത്തതിലടക്കം സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചു. ട്രൈബ്യൂണലില്‍ ഇന്നും വാദം തുടരും. സ്ഥലം മാറ്റം ചോദ്യം ചെയ്തു ബി.അശോക് നല്കിയ ഹര്‍ജിയില്‍ ഗവര്‍ണറെ കക്ഷി ചേര്‍ത്തതടക്കം തെറ്റാണെന്നാണു സര്‍ക്കാരിന്റെ വാദം.