പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ; വില നിരീക്ഷിക്കാൻ ജിഎസ്ടി ഓഫീസുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ
Tuesday, September 23, 2025 7:56 AM IST
ന്യൂഡൽഹി: ജിഎസ്ടി നിരക്കുകൾ കുറച്ചതിന് പിന്നാലെ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെ കേന്ദ്ര ജിഎസ്ടി ഓഫീസുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ജനങ്ങൾക്ക് ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പ്രയോജനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനാണ് നടപടി.
കേന്ദ്രധനമന്ത്രാലയത്തിന്റേതാണ് നടപടി. നികുതി ഇളവിൽ ഉൾപ്പെട്ട മരുന്ന്, നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ തുടങ്ങി 54 ഇനങ്ങളുടെ വിലയിൽ ജിഎസ്ടി ഇളവിന് മുൻപും പിൻപുമുള്ള താരതമ്യം കണക്കാക്കി റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇതുസംബന്ധിച്ച ആദ്യ റിപ്പോർട്ട് സെപ്റ്റംബർ 30ന് സമർപ്പിക്കണം. തുടർന്ന് എല്ലാ മാസവും 20ന് മുൻപ് നൽകണം. എന്നാൽ വില കുറച്ചില്ലെങ്കിൽ നിലവിൽ നിയമപരമായി നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
ഡൽഹിയിലെ ജിഎസ്ടി അപലേറ്റ് ട്രിബ്യൂണലിനാണ് പരാതികൾ പരിശോധിക്കാനുള്ള ചുമതല. 2025 മാർച്ച് 31-ന് മുൻപുള്ള പരാതികൾ പരിശോധിക്കാനാണ് ട്രിബ്യൂണലിന് ലഭിച്ച നിർദേശം.