കരൂർ ദുരന്തം: അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി
Saturday, September 27, 2025 11:17 PM IST
ന്യൂഡല്‍ഹി: വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ദുരന്തത്തില്‍ അതിയായി വേദനിക്കുന്നുവെന്ന് രാഷ്ട്രപതി പ്രതികരിച്ചു.
മരിച്ചവരുടെ കുടുംബങ്ങളോട് രാഷ്ട്രപതി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാനാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തെ വിശേഷിപ്പിച്ചത്. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സൗഖ്യം ലഭിക്കട്ടെയെന്നും സാമൂഹിക മാധ്യമത്തിലൂടെ പ്രധാനമന്ത്രി പ്രതികരിച്ചു.