‘തന്റെ ഹൃദയം തകർന്നിരിക്കുന്നു’; കരൂർ അപകടത്തിൽ പ്രതികരിച്ച് നടൻ വിജയ്
Sunday, September 28, 2025 12:34 AM IST
കരൂര്‍: കരൂരില്‍ റാലിക്കിടെ അപകടം സംഭവിച്ചയുടന്‍ ചെന്നൈയിലേക്ക് മടങ്ങിയ തമിഴ് വെട്രി കഴകം അധ്യക്ഷന്‍ വിജയ് ആദ്യമായി പ്രതികരിച്ചത് ‘തന്റെ ഹൃദയം തകർന്നിരിക്കുന്നു‘ എന്നാണ്. എനിക്ക് ഇത് താങ്ങാന്‍ കഴിയുന്നില്ല, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ, അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ട്, അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും വിജയ് എക്സില്‍ കുറിച്ചു.
തമിഴ് സൂപ്പര്‍ താരം വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് അപകടം നടന്നത്. തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളും16 സ്ത്രീകളും ഉള്‍പ്പെടെ 36പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം. 58 പേര് പരുക്കുകളോടെ ആശുപത്രികളിലാണ്.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. അപകടത്തെതുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു.