ആണവോർജ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച; ഇറാനെതിരെ യുഎൻ ഉപരോധം
Sunday, September 28, 2025 2:39 AM IST
ന്യൂയോർക്ക്: ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തി യുഎൻ. രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മാനദണ്ഡങ്ങൾ പാലിക്കുന്നതിലും അമേരിക്കയുമായി ആണവ സമ്പുഷ്ടീകരണത്തെക്കുറിച്ച് ചർച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഉപരോധം ഏർപ്പെടുത്തിയത്.
ഉപരോധത്തിന് മുൻകൈയെടുത്ത ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ അംബാസഡർമാരെ ഇറാൻ തിരിച്ചുവിളിച്ചു. ചർച്ചകൾക്കായാണ് ഇവരെ വിളിപ്പിച്ചതെന്നാണ് ഇറാന്റെ വിശദീകരണമെങ്കിലും പ്രതിഷേധ സൂചകമായാണ് നടപടിയെന്നാണ് വിലയിരുത്തൽ.
റഷ്യയും ചൈനയും ഉപരോധം വൈകിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയിൽ ഒൻപത് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചില്ല. റഷ്യയ്ക്കും ചൈനയ്ക്കും പുറമേ പാക്കിസ്ഥാനും അൾജീരിയയും ഇറാനെ പിന്തുണച്ചു. ഉപരോധം ഇറാന്റെ ആണവ പദ്ധതിയെ ബാധിക്കുന്നതിനു പുറമേ, വിദേശത്തെ സ്വത്തുക്കളുടെ വിനിമയവും ആയുധ ഇടപാടുകളും തടസപ്പെടുകയും ചെയ്യും. ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി മുന്നോട്ടുപോയാൽ വൻപിഴ അടയ്ക്കേണ്ടി വരും.