കരൂര്‍ ദുരന്തം; പരിക്കേറ്റവരെ മുഖ്യമന്ത്രി സ്റ്റാലിന് സന്ദർശിച്ചു
Sunday, September 28, 2025 4:21 AM IST
കരൂർ: തമിഴക വെട്രിക്കഴകം നേതാവ് വിജയ്യുടെ പ്രചാരണയോഗത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി സ്റ്റാലിന്. കരൂർ മെഡിക്കൽ കോളജിൽ ഞായറാഴ്ച പുലർച്ചെ മൂന്നിന് എത്തിയ അദ്ദേഹം ഡോക്ടർമാരുമായി ചർച്ച നടത്തി.
പരിക്കേറ്റ് ചികിത്സയിലുള്ളവരെയും അദ്ദേഹം സന്ദർശിച്ചു. ട്രിച്ചി വിമാനത്താവളത്തില്‍ നിന്നും റോഡുമാര്‍ഗമാണ് അദ്ദേഹം കരൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. ആയിരത്തോളം പേർക്ക് പരിക്കുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്.
മരിച്ചവരിൽ മുപ്പതുപേരെ തിരിച്ചറിഞ്ഞെന്നും അതിൽ പത്തുപേർ കുട്ടികളാണെന്നും അധികൃതർ പറഞ്ഞു. ജനപ്രതിനിധികൾ, മന്ത്രിമാർ തുടങ്ങിയവർ കരൂർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു എന്നതാണ് ഏറ്റവും ഒടുവിലായി ലഭിച്ച ഔദ്യോഗിക വിവരം.
കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴിനാണ് വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. റോഡിനോടു ചേർന്നുള്ള ചെറു മൈതാനത്ത് 15,000 പേർക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേർ തടിച്ചുകൂടിയിരുന്നു.
പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ആൾക്കൂട്ടത്തിനു നടുവിലേക്കെത്തിയ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്. ദുരന്തത്തിൽ പോലീസിന് വീഴ്ചയില്ലെന്ന് തമിഴ്നാട് ഡിജിപി പറഞ്ഞു.
വിജയ് എത്താൻ വൈകിയതാണ് ദുരന്തത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.