ഏഷ്യാ കപ്പ്; ഇന്ത്യ x പാക് കലാശപ്പോര് ഇന്ന്
Sunday, September 28, 2025 4:34 AM IST
ദുബായി: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഞായറാഴ്ച രാത്രി എട്ടിന് മത്സരം ആരംഭിക്കും. തുടർച്ചയായ രണ്ടാം ഏഷ്യാ കപ്പ് കിരീടവും പാക്കിസ്ഥാനെതിരേ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം ജയവുമാണ് ഇന്ത്യയുടെ ലക്ഷ്യം.
ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും സൂപ്പർ ഫോറിൽ ഏഴ് വിക്കറ്റിനും തകർത്ത ഇന്ത്യ ടൂർണമെന്റിൽ അപരാജിതരാണ്. പാക്കിസ്ഥാനാകട്ടെ ഇന്ത്യയോട് ഏറ്റ തുടർതോൽവികൾക്ക് മറുപടി നൽകാനുമാണ് ഇറങ്ങുന്നത്. ഓപ്പണർ അഭിഷേക ശർമ്മയുടെ മിന്നുന്ന ഫോമാണ് ഇന്ത്യയുടെ പ്രതീക്ഷ.
പവർപ്ലേയെ ഇത്രമാത്രം ഉപയോഗിക്കുന്ന ബാറ്റർ ഏഷ്യാകപ്പിലില്ല. കളിഗതിയെ മാറ്റിമറിക്കാൻ കഴിയുന്ന എട്ട് ബാറ്റർമാരുടെ സാന്നിധ്യമാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ കരുത്ത്. ശുഭ്മൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ എന്നിവ ഒറ്റയ്ക്ക് മത്സരം ജയിക്കാൻകഴിയുന്ന ബാറ്റർമാരാണ്.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ മങ്ങിയ ഫോമാണ് തിരിച്ചടി. എന്നാൽ നിർണായക മത്സരങ്ങളിൽ ഫോമിലേക്കുയരുന്ന ശീലം ബുംറയ്ക്കുണ്ട്. വരുൺ ചക്രവർത്തി - കുൽദീപ് യാദവ് - അക്സർ പട്ടേൽ സ്പിൻ ത്രയം ടൂർണമെന്റിൽ മുൻപുനടന്ന രണ്ടുകളിയിലും പാക്കിസ്ഥാനെതിരെ തിളങ്ങിയിരുന്നു.
സൂപ്പർ ഫോറിലെ ഇന്ത്യ- ശ്രീലങ്ക അവസാന മത്സരത്തിലേതിന് സമാനമായി റണ്സ് ഒഴുകുന്ന പിച്ചാണ് ഫൈനലിനും. എന്നാൽ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്താൻ ശക്തരായ താരങ്ങളാണ് ഇരു ടീമിലും ബൗളിംഗ് ആക്രമണത്തിനുള്ളത്.