കരൂർ അപകടം; സംഭവിച്ചത് വിവരിക്കാനാവാത്ത ദുരന്തം: എം.കെ.സ്റ്റാലിന്
Sunday, September 28, 2025 5:16 AM IST
ചെന്നൈ: കരൂരില്‍ സംഭവിച്ചത് വിവരിക്കാനാവാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണിത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റീസ് അരുണാജഗദീശന്‍ മേധാവിയായിട്ടുള്ള കമ്മീഷനെ നിയോഗിച്ചു.
അന്വേഷണത്തിനുശേഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ദുരന്തത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം സഹായം നൽകും.
വിജയെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ലയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച പുലർച്ചെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തിയ സ്റ്റാലിൻ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
പരിക്കേറ്റവരെയും സന്ദർശിച്ചതിനൊപ്പം ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.സംഭവത്തിൽ തമിഴ്നാട് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി.