വിജയ് ചെന്നൈയിലെത്തി; സുരക്ഷ വർധിപ്പിച്ചു
Sunday, September 28, 2025 6:11 AM IST
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടൻ വിജയ്ക്ക് പോലീസ് സുരക്ഷയേർപ്പെടുത്തി. കരൂരിൽ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെട്ട വിജയ് ചെന്നൈയിലെ വീട്ടിലെത്തി. വിജയ്യുടെ വീടിന് മുന്നിലും പോലീസ് നിരീക്ഷണം ശക്തമാക്കി.
ദുരന്തത്തിൽ 38 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജനബാഹുല്യം മൂലം ആംബുലൻസുകൾക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി.
അപകടത്തെ തുടർന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലൻസുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യർഥിച്ചശേഷം സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു.