കരൂർ ദുരന്തം; വിജയ്യുടെ അറസ്റ്റാവശ്യപ്പെട്ട് പ്രചാരണം ശക്തം
Sunday, September 28, 2025 6:25 AM IST
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ വിജയ് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.
വിജയ് ഉച്ചയ്ക്ക് 12ന് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്ന് ഒരാൾ എക്സിൽ കുറിച്ചു. പോലീസേ, വിഡ്ഢിത്തം നിർത്തു, വിജയ്യെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. 10,000 പേർ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകർ പറഞ്ഞത്.
എന്നാൽ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേലം ധരണീധരൻ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരൻ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു.
എന്തിനാണ് ഒരു നടനെ കാണാൻ ആളുകൾ അഞ്ചും ആറും മണിക്കൂർ കാത്തിരിക്കുന്നത്. നാമക്കലിൽ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ മാന്യൻ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ. നാമക്കലിൽ നാലു മണിക്കൂർ വൈകിയാണെത്തിയത്.
കൊടുംവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകൾ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോൾ വിജയ് ഒളിച്ചോടുകയാണ് ചെയ്തതെന്നും ധരണീധരൻ പറഞ്ഞു.