കരൂര്‍ ദുരന്തം: വെള്ളത്തിനുവേണ്ടിയുള്ള തിക്കുംതിരക്കും കാരണമായി
Sunday, September 28, 2025 7:41 AM IST
കരൂര്‍: തമിഴക വെട്രി കഴകം റാലിക്കിടെ അപകടമുണ്ടായതിന്റെ കാരണമായി പറയപ്പെടുന്നത് വെള്ളത്തിനുവേണ്ടിയുണ്ടായ തിക്കിതിരക്കെന്ന് പ്രാഥമിക വിലയിരുത്തൽ. ഉച്ചയോടെ കരൂരിലെത്തിയ ആരാധകർ രാത്രി ഏഴുവരെ വിജയ്യെ കാത്തിരുന്നത് ഇവരെ അവശരായിരുന്നു.
വിജയ്യയും സംഘവും ഉച്ചയോടെ കരൂരിലെത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും രാത്രി ഏഴോടെയാണ് എത്തിയത്. പ്രതീക്ഷിച്ചതിനെക്കാള്‍ ഇരട്ടി ആളുകള്‍ പരിപാടിക്ക് എത്തുകയും ചെയ്തു. സ്ഥലത്താണെങ്കിൽ കുടിവെള്ളവും ലഭ്യമായിരുന്നില്ല. തിരക്ക് കൂടിയതോടെ നിർജലീകരണം മൂലവും ശ്വാസംമുട്ടൽ അനുഭവപ്പെട്ടും ആളുകൾ കുഴഞ്ഞു വീഴുകയായിരുന്നു.
വെള്ളംകിട്ടാതെ അവശരായവര്‍ക്ക് വിജയ് സഞ്ചരിച്ച വാഹനത്തില്‍നിന്ന് കുപ്പിവെള്ളം എറിഞ്ഞുകൊടുക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഇതോടെ ആളുകൾ വിജയിയുടെ കൈയിൽനിന്ന് വെള്ളം മേടിക്കാൻ തിക്കിതിരക്കി. വെള്ളത്തിനുവേണ്ടിയുള്ള തിക്കും തിരക്കും വന്‍ദുരന്തത്തിന് കാരണമായെന്നും പ്രാഥമിക വിലയിരുത്തല്‍.