വിജയ്യെ അറസ്റ്റ് ചെയ്യണം; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം
Sunday, September 28, 2025 9:42 AM IST
ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം.
കരൂർ ദുരന്തമുണ്ടായതിനു പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു.
വിജയ് ഉച്ചയ്ക്ക് 12 ന് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. പോലീസേ, വിഡ്ഢിത്തം നിർത്തൂ, വിജയ്യെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്.
അതേസമയം, വിജയ്യെ പിന്തുണച്ച് ഞാൻ വിജയ്ക്കൊപ്പം എന്ന ഹാഷ്ടാഗുമായി മറ്റൊരു വിഭാഗവും പ്രചരണം തുടങ്ങിയിട്ടുണ്ട്. ഡിഎംകെയും ബിജെപിയും വിജയ്യെ വേട്ടയാടുകയാണെന്നാണ് ഇവരുടെ പക്ഷം.
സംഭവത്തിൽ വിജയ്യുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തു. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി. മതിയഴകനെതിരെയാണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.