കരൂർ ദുരന്തം; അനുശോചനം അറിയിച്ച് കമൽഹാസനും രജനികാന്തും
Sunday, September 28, 2025 10:28 AM IST
ചെന്നൈ: കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടന്മാരായ കമൽഹാസനും രജനികാന്തും. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ ഇരുവരും കരൂരിൽ നിന്നും വരുന്ന ഓരോ വർത്തകളും ഹൃദയം നുറുക്കുവെന്ന് കുറിച്ചു.
"എന്റെ ഹൃദയം നുറുങ്ങുന്നു. കരൂരിൽ നിന്ന് വരുന്ന വാർത്ത ഞെട്ടലും സങ്കടവും നൽകുന്നതാണ്. ജനത്തിരക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നിരപരാധികളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് ശരിയായ ചികിത്സയും ദുരിതബാധിതർക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞാൻ തമിഴ്നാട് സർക്കാരിനോട് അഭ്യർഥിക്കുകയാണ്'. കമൽഹാസൻ കുറിച്ചു.
"കരൂരിൽ നടന്ന സംഭവത്തിൽ ഒട്ടേറെ നിരപരാധികളുടെ ജീവൻ പൊലിഞ്ഞെന്ന വാർത്ത ഹൃദയത്തെ നുറുക്കുകയും അത്യന്തം ദുഃഖം ഉളവാക്കുകയും ചെയ്യുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം നേരുന്നു. പരിക്കേറ്റവർ വേഗം തിരിച്ചുവരട്ടെ'.-രജനികാന്ത് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം, കരൂരിലെ ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. മരിച്ചവരിൽ 17 സ്ത്രീകളും 13 പുരുഷന്മാരും ഒൻപത് കുട്ടികളും ഉൾപ്പെടുന്നു. 111പേർ ആശുപത്രിയിൽ ചികിത്സയിലാണ്.