"വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല': മുഖ്യമന്ത്രി രാജ്ഭവനിൽ
Sunday, September 28, 2025 12:23 PM IST
തിരുവനന്തപുരം: വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സർക്കാരിനെ പിന്തുണക്കുന്നതോ അല്ലാത്തതുമായ ലേഖനങ്ങൾ മാസികയിൽ വരാമെന്നും അത്തരം അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിന്റെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിന്റെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയാതെയാണ് ഗവർണർ ചടങ്ങിൽ സംസാരിച്ചത്
നീണ്ട സർക്കാർ- ഗവർണർ പോരിനിടെ മഞ്ഞുരുക്കിക്കൊണ്ടാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മാസിക ശശി തരൂരിന് നൽകിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശന കർമം നിർവഹിച്ചു. അതേസമയം, പ്രകാശന ചടങ്ങിൽ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. നിലവിളക്ക് മാത്രമാണ് ഉണ്ടായിരുന്നത്.